Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Skill Of Criticism

Sunday Feature

നി​രൂ​പ​ണ​ത്തി​ന്‍റെ സി​ദ്ധി സാ​മൂ​ഹ്യ​ചി​ന്ത​യു​ടെ സാ​ധ​ന

മ​ല​യാ​ളി​ക​ളു​ടെ ചി​ന്ത​ക​ളെ ഉ​ണ​ര്‍​ത്തു​ക​യും ഭാ​വ​ന​യെ പ്ര​ചോ​ദി​പ്പി​ക്കു​ക​യും ചെ​യ്ത പ്ര​തി​ഭാ​ശാ​ലി​യാ​യി​രു​ന്നു പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ (1925-1991). കേ​സ​രി ബാ​ല​കൃ​ഷ്ണ​പ്പി​ള്ള, എം. ​ഗോ​വി​ന്ദ​ന്‍ തു​ട​ങ്ങി​യ ചി​ന്ത​ക​രു​ടെ പി​ന്‍​ഗാ​മി എ​ന്ന നി​ല​യി​ല്‍ അ​ദ്ദേ​ഹം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. എ​ഴു​ത്തു​കാ​ര​ന്‍, ച​രി​ത്ര​ഗ​വേ​ഷ​ക​ന്‍, നോ​വ​ലി​സ്റ്റ്, രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ക​ന്‍, പ​ത്ര​പ്ര​വ​ര്‍​ത്ത​ക​ന്‍, പ​ത്രാ​ധി​പ​ര്‍, പൊ​തു​ജ​ന​സേ​വ​ക​ന്‍ എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍റെ ക​ര്‍​മ​മ​ണ്ഡ​ലം വി​പു​ല​മാ​യി​രു​ന്നു. സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ലും സാ​ഹി​ത്യ​ചി​ന്ത​യി​ലും സു​വ്യ​ക്ത​മാ​യ ധാ​ര​ണ​യും അ​ഭി​പ്രാ​യ​വും പു​ല​ര്‍​ത്തി​യ പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍റെ ജ​ന്മ​ശ​താ​ബ്ദി വ​ര്‍​ഷ​മാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

1925 മാ​ര്‍​ച്ച് ര​ണ്ടി​ന് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ എ​ട​വ​ന​ക്കാ​ട് ഗ്രാ​മ​ത്തി​ല്‍ കേ​ശ​വ​ന്‍ ആ​ശാ​ന്‍റെ​യും മ​ണി അ​മ്മ​യു​ടെ​യും മ​ക​നാ​യാ​ണ് ജ​ന​നം. എ​ട​വ​ന​ക്കാ​ടും ചെ​റാ​യി​യി​ലും പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം ന​ട​ത്തി. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ ബി​രു​ദ​പ​ഠ​ന​ത്തി​ന് ചേ​ര്‍​ന്നെ​ങ്കി​ലും ക്വി​റ്റ് ഇ​ന്ത്യാ പ്ര​ക്ഷോ​ഭ​ത്തി​ല്‍ എ​ടു​ത്തു​ചാ​ടി​യ​തി​നാ​ല്‍ പ​ഠ​നം മു​ട​ങ്ങി. എ​ന്നാ​ല്‍ രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ന​വും പൊ​തു​പ്ര​വ​ര്‍​ത്ത​ന​വും മു​ട​ങ്ങി​യി​ല്ല.

പ്ര​ജാ​മ​ണ്ഡ​ലം പാ​ര്‍​ട്ടി സ്ഥാ​പ​ക​നാ​യി​രു​ന്ന മ​ത്താ​യി മാ​ഞ്ഞൂ​രാ​ന്‍റെ അ​ടു​ത്ത അ​നു​യാ​യി ആ​യി​രു​ന്നു. പി​ന്നീ​ട് കേ​ര​ള സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍​ട്ടി​യി​ലും പ്ര​വ​ര്‍​ത്തി​ച്ചു. ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന്‍റെ മൂ​ല്യ​ച്യു​തി അ​ന്നേ തി​രി​ച്ച​റി​ഞ്ഞ ബാ​ല​കൃ​ഷ്ണ​ന്‍ രം​ഗം​വി​ട്ടു. പ​ക്ഷെ, ച​രി​ത്ര​പ​ഠ​ന​വും എ​ഴു​ത്തും സാ​ഹി​ത്യ​ര​ച​ന​യും തു​ട​ര്‍​ന്നു. ശ്രീ​നാ​രാ​യ​ണ​ഗു​രു, സ​ഹോ​ദ​ര​ന്‍ അ​യ്യ​പ്പ​ന്‍ എ​ന്നി​വ​രു​ടെ വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് പി​ന്നീ​ട് സ​ഞ്ച​രി​ച്ച​ത്.

സാ​ഹി​ത്യ​നി​രൂ​പ​ണ​ത്തി​ല്‍ സാ​മ്പ്ര​ദാ​യി​ക രീ​തി​ക​ള്‍ വി​ട്ടാ​യി​രു​ന്നു യാ​ത്ര. ത​ന്‍റെ വ​ഴി​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം മാ​ത്ര​മ​ല്ല, അ​ഭി​പ്രാ​യ​ങ്ങ​ള്‍ തു​റ​ന്നു​പ​റ​യാ​നു​ള്ള ആ​ര്‍​ജ​വ​വും അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചു.

പ്ലൂ​ട്ടോ! പ്രി​യ​പ്പെ​ട്ട പ്ലൂ​ട്ടോ!

പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍റെ ആ​ദ്യ​നോ​വ​ലാ​യ പ്ലൂ​ട്ടോ! പ്രി​യ​പ്പെ​ട്ട പ്ലൂ​ട്ടോ! വ്യ​ത്യ​സ്ത​മാ​യ ര​ച​ന​യാ​ണ്. 1963ലാ​ണ് പ്ലൂ​ട്ടോ എ​ഴു​തു​ന്ന​ത്. വ​ള​ര്‍​ത്തു​നാ​യ​യെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​യാ​ണ് നോ​വ​ല്‍. അ​തേ​സ​മ​യം, സം​സ്കാ​ര​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​രാ​കാ​ന്‍ ത​യാ​റാ​വു​ന്ന​വ​രു​ടെ നാ​ട്യ​പ്ര​ധാ​ന​മാ​യ ജീ​വി​ത​വും ഇ​തി​ല്‍ അ​നാ​വ​ര​ണം ചെ​യ്യു​ന്നു. ഇ​ത്ത​ര​മൊ​രു വി​ഷ​യം കൈ​കാ​ര്യം ചെ​യ്തു​ക​ള​യാം എ​ന്ന കു​സൃ​തി​നി​റ​ഞ്ഞ ആ​ത്മ​വി​ശ്വാ​സം പി.​കെ. ബാ​ല​കൃ​ഷ്ണ​ന് വേ​ണ്ടു​വോ​ളം ഉ​ണ്ടാ​യി​രി​ക്ക​ണം.

ചി​ന്ത​ക​നും രാ​ഷ്ട്രീ​യ​ക്കാ​ര​നും പ്രാ​സം​ഗി​ക​നു​മെ​ല്ലാ​മാ​യ ആ​ഖ്യാ​താ​വി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് പ്ലൂ​ട്ടോ രം​ഗ​ത്തു വ​രു​ന്ന​ത്. സം​സ്കാ​ര​ചി​ത്ത​നെ​ന്ന് സ്വ​യം ക​രു​തു​ന്ന ആ​ഖ്യാ​താ​വ് ന​ഗ​ര​ത്തി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ല്‍ നാ​ട്ടി​ലെ​ത്തും. അ​വി​ടെ അ​ടി​സ്ഥാ​ന​വ​ര്‍​ഗ​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ള്‍ ഉ​ണ്ട്. അ​വ​രെ ബോ​ധ​വ​ല്‍​ക്ക​രി​ക്ക​ലാ​ണ് ആ​ഖ്യാ​താ​വി​ന്‍റെ പ്ര​ധാ​ന ദൗ​ത്യം. അ​തി​നി​ട​യി​ലാ​ണ് പ്ലൂ​ട്ടോ ക​ട​ന്നു​വ​രു​ന്ന​ത്.

നാ​യ​യെ വ​ള​ര്‍​ത്താ​നു​ള്ള ആ​ഗ്ര​ഹ​വു​മാ​യി ന​ട​ക്കു​ന്ന ആ​ഖ്യാ​താ​വി​നെ​യാ​ണ് നോ​വ​ലി​ല്‍ കാ​ണു​ന്ന​ത്. അ​ത് ഒ​രു അ​ന്ത​സും മാ​ന്യ​ത​യു​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ക​യാ​ണ്. അ​ള്‍​സേ​ഷ്യ​ന്‍ ഇ​ന​ത്തി​ല്‍​പെ​ട്ട നാ​യ​യെ​യാ​ണ് വ​ള​ര്‍​ത്തേ​ണ്ട​തെ​ന്ന് അ​യാ​ള്‍​ക്ക് അ​റി​യാം. അ​ങ്ങ​നെ​യൊ​ന്നി​നെ​യാ​ണ് വാ​ങ്ങു​ന്ന​തും. എ​ന്നാ​ല്‍, പ്ലൂ​ട്ടോ ത​നി നാ​ട​ന്‍ നാ​യ​യാ​ണെ​ന്ന് താ​മ​സി​യാ​തെ തി​രി​ച്ച​റി​യ​പ്പെ​ടു​ന്നു. അ​തോ​ടെ കാ​ര്യ​ങ്ങ​ള്‍ കീ​ഴ്മേ​ൽ മ​റി​യു​ക​യാ​ണ്.

സ​മൂ​ഹ​ത്തി​ന്‍റെ ചി​ട്ട​ക​ളി​ല്‍​നി​ന്ന് വ്യ​തി​ച​ലി​ച്ചു നി​ല്‍​ക്കു​ന്ന വ്യ​ക്തി​ക​ളെ മ​ഹാ​ന്മാ​രാ​യി ആ​ദ​രി​ക്കു​ക​യും എ​ന്നാ​ല്‍ ഒ​രു ഘ​ട്ട​ത്തി​ല്‍ അ​വ​രെ നി​ഷ്ക​രു​ണം വി​ചാ​ര​ണ ചെ​യ്യു​ക​യും ചെ​യ്യു​ന്ന പ​തി​വ് ഉ​ണ്ട​ല്ലോ. അ​ത്ത​ര​ത്തി​ലു​ള്ള അ​നു​ഭ​വ​മാ​ണ് പ്ലൂ​ട്ടോ​യ്ക്ക് നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്. വീ​ട്ടി​ല്‍​നി​ന്ന് പ്ലൂ​ട്ടോ പു​റ​ത്താ​വു​ന്നു. അ​വ​ന​ന്‍റെ വം​ശം അ​ല്‍​സേ​ഷ്യ​ന്‍ പോ​ലെ കു​ലീ​ന​മാ​ണോ എ​ന്ന സം​ശ​യം അ​തി​ന് പ്ര​ധാ​ന ഹേ​തു​വാ​ണ്. അ​വ​ന്‍റെ നൈ​സ​ര്‍​ഗി​ക​മാ​യ പ്ര​വൃ​ത്തി​ക​ളും വി​ന​യാ​യി.

ഏ​താ​യാ​ലും തെ​രു​വി​ല്‍ സ്വാ​ഭാ​വി​ക​മാ​യും പ്ലൂ​ട്ടോ അ​നി​ഷേ​ധ്യ​മാ​യ നേ​തൃ​പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍​ന്നു. ചി​ല്ല​റ അ​ക്ര​മ​ന​ട​പ​ടി​ക​ളു​ടെ ഫ​ല​മാ​യി പ്ലൂ​ട്ടോ നോ​ട്ട​പ്പു​ള്ളി​യാ​യി. അ​വ​നെ നാ​ടു​ക​ട​ത്താ​ന്‍ ആ​ഖ്യാ​താ​വ് തീ​രു​മാ​നി​ക്കു​ന്നു. എ​ന്നാ​ല്‍ അ​തി​നും പ്ര​യാ​സ​ങ്ങ​ളും പ​രി​മി​തി​യു​മു​ണ്ട്. ഒ​ടു​വി​ല്‍ തോ​ക്കു​ള്ള ഒ​രു​വ​നെ വ​രു​ത്തി പ്ലൂ​ട്ടോ​യെ വെ​ടി​വ​ച്ചു​കൊ​ല്ലാ​ന്‍ തീ​രു​മാ​ന​മാ​വു​ന്നു. വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​നെ തു​ട​ലു​പ​യോ​ഗി​ച്ച് ബ​ന്ധി​ക്കു​ന്നു.

എ​ന്നാ​ല്‍, മ​ന:​പ്ര​യാ​സ​മു​ള്ള ആ ​വി​ധി ന​ട​പ്പാ​ക്കേ​ണ്ടി​വ​രു​ന്നി​ല്ല.​സ​ഹോ​ദ​രി​യും കു​ടും​ബ​വും വീ​ട്ടി​ല്‍ വി​രു​ന്നി​നെ​ത്തു​ന്ന​തോ​ടെ അ​ന്ത​രീ​ക്ഷം അ​യ​യു​ന്നു. പ്ലൂ​ട്ടോ​യെ മ​ര്യാ​ദ പ​ഠി​പ്പി​ക്കാ​ന്‍ അ​ളി​യ​ന്‍ ത​യാ​റാ​വു​ന്നു. മാ​ത്ര​മ​ല്ല, അ​വ​നെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നും അ​യാ​ള്‍ സ​ന്ന​ദ്ധ​നാ​യ​തോ​ടെ പ്ര​തി​സ​ന്ധി​ഘ​ട്ടം ത​ര​ണം​ചെ​യ്യാ​നാ​വു​ന്നു.

സ​ഹോ​ദ​രി​യു​ടെ വീ​ടി​ന​ടു​ത്ത് ഒ​രു വി​വാ​ഹ​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍​പോ​യ​പ്പോ​ള്‍ അ​വി​ടെ പ്ലൂ​ട്ടോ​യെ കാ​ണു​ന്നു. എ​ച്ചി​ലി​ല​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന തെ​രു​വു പ​ട്ടി​ക​ളു​ടെ നേ​താ​വാ​ണ് അ​വി​ടെ പ്ലൂ​ട്ടോ. സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലെ പൊ​റു​തി​യൊ​ക്കെ അ​വ​സാ​നി​പ്പി​ച്ച മ​ട്ടാ​ണ്. ആ​ഖ്യാ​താ​വി​ന്‍റെ വി​ളി​കേ​ട്ട് ഓ​ടി​വ​ന്ന പ്ലൂ​ട്ടോ അ​യാ​ളു​ടെ മേ​ല്‍ സ്നേ​ഹാ​തി​രേ​ക​ത്തോ​ടെ ചാ​ടി​വീ​ഴു​ന്നു.

സ്നേ​ഹ​പ്ര​ക​ട​ന​ങ്ങ​ളൊ​ക്കെ ഉ​ണ്ടാ​യെ​ങ്കി​ലും പ്ലൂ​ട്ടോ​യെ കൂ​ടെ കൊ​ണ്ടു​പോ​കാ​ന്‍ ക​ഥാ​നാ​യ​ക​ന്‍ ത​യാ​റാ​വു​ന്നി​ല്ല. പി​ന്നീ​ട് കൂ​ടു​ത​ല്‍ ഉ​ന്ന​ത​മാ​യ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​തോ​ടെ സ്വാ​ഭാ​വി​ക​മാ​യും പ്ലൂ​ട്ടോ​യെ​പ്പ​റ്റി​യു​ള്ള ചി​ന്ത​ക​ള്‍ അ​ല​ട്ടു​ന്നി​ല്ല. പി​ന്നീ​ട് മാ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം എ​ത്തു​ന്ന സ​ഹോ​ദ​രി​യു​ടെ ക​ത്തി​ല്‍ നി​ന്നാ​ണ് പ്ലൂ​ട്ടോ​യെ കാ​ണാ​താ​യ വി​വ​രം അ​റി​യു​ന്ന​ത്. അ​ത് ക​ഥാ​നാ​യ​ക​നെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തു​ന്നു.

ഇ​തി​നി​ടെ പ​ല ചി​ന്ത​ക​ളും നോ​വ​ല്‍ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. മ​നു​ഷ്യ​രു​ടെ മാ​ന​സി​ക​ലോ​ക​വും മൃ​ഗ​ങ്ങ​ളു​ടെ മാ​ന​സി​ക​ലോ​ക​വും ച​ര്‍​ച്ച​യാ​വു​ന്നു. ഫ്രോ​യി​ഡി​ന്‍റെ മാ​ന​സി​കാ​പ​ഗ്ര​ഥ​നം ക​ട​ന്നു​വ​രു​ന്നു. തെ​ണ്ടി​പ്പ​ട്ടി​യാ​യി പ​രി​ണ​മി​ക്കു​ന്ന വ​ള​ര്‍​ത്തു​നാ​യ​യു​ടെ ക​ഥ നോ​വ​ലാ​ക്കി മാ​റ്റാം എ​ന്ന നോ​വ​ലി​സ്റ്റി​ന്‍റെ ച​ങ്കൂ​റ്റ​ത്തെ ന​മി​ക്കാ​തെ ക​ട​ന്നു​പോ​കാ​ന്‍ പ​റ്റി​ല്ല.

സി​ദ്ധി​യു​ടെ നോ​വ​ല്‍, സാ​ധ​ന​യു​ടെ​യും

പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍റെ ഏ​റ്റ​വും ച​ര്‍​ച്ച​ചെ​യ്യ​പ്പെ​ട്ട നി​രൂ​പ​ണ​ഗ്ര​ന്ഥ​മാ​ണ് "നോ​വ​ല്‍: സി​ദ്ധി​യും സാ​ധ​ന​യും’. താ​രാ​ശ​ങ്ക​ര്‍ ബാ​ന​ര്‍​ജി​യു​ടെ ആ​രോ​ഗ്യ നി​കേ​ത​നം, ഇം​ഗ്ലീ​ഷ് എ​ഴു​ത്തു​കാ​രി ജെ​യി​ന്‍ ഓ​സ്റ്റ​ന്‍റെ പ്രൈ​ഡ് ആ​ൻ​ഡ് പ്രി​ജു​ഡി​സ്, ദ​സ്ത​യേ​വ്സ്കി​യു​ടെ ര​ച​ന​ക​ള്‍ എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി നോ​വ​ല്‍ എ​ന്ന സാ​ഹി​ത്യ​രൂ​പ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. 1965 ഫെ​ബ്രു​വ​രി​യി​ലാ​ണ് ഈ ​പു​സ്ത​കം എ​ഴു​തു​ന്ന​ത്.

സ​ഹ​ജ​മാ​യ പ്ര​തി​ഭ​യോ​ടൊ​പ്പം പ​ഠ​ന​വും മ​ന​ന​വും നി​രീ​ക്ഷ​ണ​വും എ​ല്ലാ​മ​ട​ങ്ങു​ന്ന സാ​ധ​ന​യും എ​ഴു​ത്തി​ന്‍റെ ലോ​ക​ത്ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ ഈ ​പു​സ്ത​ക​ത്തി​ല്‍ പ​റ​യു​ന്നു. സ​ഹ​ജ​പ്ര​തി​ഭ ഇ​ല്ലാ​ത്ത​വ​ര്‍​ക്കും നോ​വ​ല്‍​മേ​ഖ​ല​യി​ല്‍ ക​യ​റി​വ​രാം. എ​ന്നാ​ല്‍ ഉ​യ​ര​ങ്ങ​ളി​ലെ​ത്താ​ന്‍ സാ​ധ​നാ​വൈ​ഭ​വം അ​നി​വാ​ര്യ​മാ​ണ്.

"ആ​രോ​ഗ്യ​നി​കേ​ത​നം' ച​ര്‍​ച്ച ചെ​യ്യു​മ്പോ​ള്‍ ബം​ഗാ​ളി​ലെ ഉ​ള്‍​നാ​ട​ന്‍ ഗ്രാ​മ​ത്തി​ല്‍ ചി​കി​ത്സ ന​ട​ത്തു​ന്ന ജീ​വ​ന്‍ മ​ശാ​യ് എ​ന്ന ഭി​ഷ​ഗ്വ​ര​ന്‍ ക​ട​ന്നു​വ​രു​ന്നു. പാ​ര​മ്പ​ര്യ​വൈ​ദ്യ​വും ആ​ധ​നി​ക വൈ​ദ്യ​ശാ​സ്ത്ര​വും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷം ആ​രോ​ഗ്യ​നി​കേ​ത​നം എ​ന്ന നോ​വ​ലി​ല്‍ കാ​ണാ​മെ​ന്ന് ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​യു​ന്നു. ചി​കി​ത്സ​യു​ടെ ക​ഥ ആ​രോ​ഗ്യ​നി​കേ​ത​ന​ത്തി​ന്‍റെ അ​സം​സ്കൃ​ത​വ​സ്തു മാ​ത്ര​മാ​ണെ​ന്നും പ്ര​മേ​യം മാ​നു​ഷി​ക​മാ​യ മ​ഹ​ത്വ​വും മ​നു​ഷ്യ​നി​ലെ ന​ന്മ​യു​മാ​ണെ​ന്നും ലേ​ഖ​ന​ത്തി​ല്‍ വി​ശ​ദ​മാ​ക്കു​ന്നു​ണ്ട്.

ജെ​യി​ന്‍ ഓ​സ്റ്റ​ന്‍ ജ​ന്മ​നാ നോ​വ​ലി​സ്റ്റ് ആ​യി​രു​ന്നു എ​ന്നാ​ണ് നി​രീ​ക്ഷ​ണം. വൈ​കാ​രി​ക ബാ​ധ്യ​ത​യൊ​ന്നു​മി​ല്ലാ​ത്ത നി​ഷേ​ധ​ചി​രി​യും വി​ഷാ​ദ​ത്തി​ന്‍റെ ക​റ പ​റ്റാ​ത്ത സ​ന്തോ​ഷ​വും ആ​യി​രു​ന്നു ഓ​സ്റ്റ​ന്‍റെ സ്വ​ഭാ​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മെ​ന്ന് പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​യു​ന്നു. എ​ല്ലാ കാ​ല​ത്തും ര​സി​പ്പി​ക്കു​ന്ന കൃ​തി​ക​ളു​ടെ മു​ന്‍​പ​ന്തി​യി​ല്‍ ഓ​സ്റ്റ​ന്‍​കൃ​തി​ക​ള്‍ ഉ​ണ്ടാ​വു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഗ്ര​ന്ഥ​ക​ര്‍​ത്താ​വി​ന് സം​ശ​യ​മി​ല്ല.
1796ലാ​ണ് ജെ​യി​ന്‍ ഓ​സ്റ്റ​ന്‍ പ്രൈ​ഡ് ആ​ൻ​ഡ് പ്രി​ജു​ഡീ​സ് എ​ഴു​തു​ന്ന​ത്.

ര​ണ്ടു​വ​ര്‍​ഷം ക​ഴി​ഞ്ഞ് പ്ര​സാ​ധ​ക​ന് അ​യ​ച്ചു​കൊ​ടു​ത്തു. അ​ത് തി​ര​സ്ക​രി​ക്ക​പ്പെ​ട്ടു. ഓ​സ്റ്റ​ന്‍ നി​രാ​ശ​പ്പെ​ട്ടി​ല്ല. 15 വ​ര്‍​ഷ​ക്കാ​ലം കൃ​തി കൈ​വ​ശം വെ​ച്ചു. പ​ല​ത​വ​ണ മാ​റ്റി​യെ​ഴു​തി. അ​ത് ദീ​ര്‍​ഘ​മാ​യ സാ​ധ​ന ത​ന്നെ​യാ​യി​രു​ന്നു. 1813ല്‍ ​പ്രൈ​ഡ് ആ​ൻ​ഡ് പ്രി​ജു​ഡീ​സ് ഇ​ന്ന​ത്തെ രൂ​പ​ത്തി​ല്‍ പു​റ​ത്തു​വ​രു​മ്പോ​ള്‍ ജെ​യി​ന്‍ ഓ​സ്റ്റ​ന്‍റെ പ്ര​തി​ഭ​യു​ടെ പ​രാ​ഗം നോ​വ​ലി​ന്‍റെ ഓ​രോ അ​ണു​വി​ലും സം​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ദ​സ്ത​യേ​വ്സ്കി​യു​ടെ കൃ​തി​ക​ള്‍ അ​ജ്ഞേ​യ​വും ഭീ​ക​ര​വും വി​ചി​ത്ര​വു​മാ​യ സം​ഘ​ട്ട​ന​ങ്ങ​ള്‍ നി​റ​ഞ്ഞ​താ​യി​രു​ന്നു എ​ന്നാ​ണ് നി​രീ​ക്ഷ​ണം. ക്രൂ​ര​മാ​യ സ്നേ​ഹ​വും ഇ​രു​ണ്ട പ്ര​കാ​ശ​വും വേ​ദ​നി​പ്പി​ക്കു​ന്ന ആ​ന​ന്ദ​വും നി​റ​ഞ്ഞ​താ​ണ് ദ​സ്ത​യേ​വ്സ്കി​യു​ടെ ഭാ​വ​നാ​ലോ​കം. നോ​വ​ലി​ന്‍റെ പാ​രാ​യാ​ണം എ​ത്ര​മാ​ത്രം വ്യ​ത്യ​സ്ത​മാ​ണെ​ന്ന് പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​യു​ന്നു. ടോ​ള്‍​സ്റ്റോ​യി​യു​ടെ കൃ​തി​ക​ള്‍ വാ​യി​ക്കു​ന്ന​ത്് റി​സ​ര്‍​വ് വ​ന​ത്തി​ലെ യാ​ത്ര​പോ​ലെ​യാ​ണ്. ഓ​രോ യാ​ത്ര​യി​ലും പു​തി​യ കാ​ഴ്ച​ക​ള്‍ കാ​ണു​ന്നു. ദ​സ്ത​യേ​വ്സ്കി​യു​ടെ കൃ​തി​ക​ളു​ടെ വാ​യ​ന​യാ​വ​ട്ടെ ധ്രു​വ​പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ര്യ​വേ​ഷ​ണ സ​ഞ്ചാ​രം പോ​ലെ​യും.

മ​ര​ണ​ത്തി​ന്‍റെ​യും നി​ത്യ​ത​യു​ടെ​യും ത​ണു​പ്പും വെ​ളു​പ്പു​മ​ണി​ഞ്ഞ അ​ന​ന്ത​വി​സ്തൃ​ത​മാ​യ ധാ​വ​ള്യ​പ​ര​പ്പ് എ​ന്നാ​ണ് ദ​സ്ത​യേ​വ്സ്കി​യു​ടെ ര​ച​നാ​ലോ​ക​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഇ​പ്ര​കാ​രം ലോ​കോ​ത്ത​ര ര​ച​ന​ക​ളി​ലൂ​ടെ വാ​യ​ന​ക്കാ​രെ പ​ഠി​പ്പി​ക്കു​ക​യും പാ​ക​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന ദൗ​ത്യ​മാ​ണ് പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ ഏ​റ്റെ​ടു​ത്ത​ത്. സാ​ഹി​ത്യ​നി​രൂ​പ​ണ​ത്തി​ന്‍റെ വീ​ക്ഷ​ണ​ച​ക്ര​വാ​ളം വി​ക​സി​ക്കു​ന്ന​തി​ന് മി​ക​ച്ച ദൃ​ഷ്ടാ​ന്തം എ​ന്നാ​ണ് നോ​വ​ല്‍: സി​ദ്ധി​യും സാ​ധ​ന​യും എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ അ​വ​താ​രി​ക​യി​ല്‍ കെ. ​അ​യ്യ​പ്പ​പ്പ​ണി​ക്ക​ര്‍ പ​റ​യു​ന്ന​ത്.

മ​ഹാ​ഭാ​ര​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ര​ചി​ച്ച "ഇ​നി ഞാ​ന്‍ ഉ​റ​ങ്ങ​ട്ടെ' എ​ന്ന നോ​വ​ലി​ന് 1978ലെ ​വ​യ​ലാ​ര്‍ അ​വാ​ര്‍​ഡ് ല​ഭി​ച്ചു. ക​ര്‍​ണ​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ര​ചി​ച്ച ഈ ​നോ​വ​ല്‍ മൂ​ല​കൃ​തി​യോ​ട് നൂ​റു​ശ​ത​മാ​നം നീ​തി​പു​ല​ര്‍​ത്തു​ന്ന​താ​ണ്. ദ്രൗ​പ​ദി​യു​ടെ ആ​ത്മ​ഭാ​ഷ​ണ​ങ്ങ​ളും സ​മാ​ന്ത​ര​മാ​യി വ​രു​ന്നു​ണ്ട്. അ​ര്‍​ജു​ന​ന്‍റെ​യും ഭീ​മ​ന്‍റെ​യും ജീ​വ​ന്‍ ത​ന്‍റെ ഭി​ക്ഷ​യാ​യി​രു​ന്നു​വെ​ന്ന് ക​ര്‍​ണ​ന്‍ പ​റ​യു​ന്നു​ണ്ട്.

കു​ന്തീ​ദേ​വി ക​ര്‍​ണ​ന്‍റെ അ​ടു​ത്ത് എ​ത്തു​ന്ന രം​ഗ​വും നോ​വ​ലി​നെ ദീ​പ്ത​മാ​ക്കു​ന്നു. അ​മ്മ​യ്ക്ക് എ​ങ്ങ​നെ​യാ​യാ​ലും അ​ഞ്ചു​മ​ക്ക​ള്‍ ഉ​ണ്ടാ​വും എ​ന്നാ​ണ് ക​ര്‍​ണ​ന്‍ കു​ന്തീ​ദേ​വി​യോ​ട് പ​റ​യു​ന്ന​ത്. ദു​ര്യോ​ധ​ന​നും ക​ര്‍​ണ​നും ത​മ്മി​ലു​ള്ള നി​താ​ന്ത സൗ​ഹൃ​ദ​ത്തി​ന്‍റെ ആ​ഴ​വും നോ​വ​ലി​ല്‍ കാ​ണാം. എ​ന്നാ​ല്‍, ഇ​നി ഞാ​ന്‍ ഉ​റ​ങ്ങ​ട്ടെ വേ​ണ്ട​വി​ധം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ല. മാ​ധ്യ​മ​ശ്ര​ദ്ധ​യും നി​രൂ​പ​ക​ശ്ര​ദ്ധ​യും നേ​ടി​യി​ല്ല. എ​ഴു​ത്തു​കാ​ര​ന്‍ അ​തി​നാ​യി പ​രി​ശ്ര​മി​ക്കു​ന്ന ആ​ളു​മാ​യി​രു​ന്നി​ല്ല​ല്ലോ.

കു​മാ​രാ​ശാ​ന്‍റെ കാ​വ്യ​ങ്ങ​ളെ മു​ന്‍​നി​ര്‍​ത്തി ര​ചി​ച്ച കാ​വ്യ​ക​ല കു​മാ​ര​നാ​ശാ​നി​ലൂ​ടെ എ​ന്ന പ​ഠ​ന​വും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.​കു​മാ​ര​നാ​ശാ​ന്‍റെ കൃ​തി​ക​ളി​ലൂ​ടെ​യും നാ​രാ​യ​ണ​ഗു​രു, ഡോ. ​പ​ല്പു തു​ട​ങ്ങി​യ​വ​രു​മാ​യി ആ​ശാ​നു​ള്ള ബ​ന്ധ​ത്തി​ലൂ​ടെ​യും ഈ ​കൃ​തി ക​ട​ന്നു​പോ​കു​ന്നു​ണ്ട്. 1970ലാ​ണ് കാ​വ്യ​ക​ല കു​മാ​ര​നാ​ശാ​നി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​ത്.

നാ​രാ​യ​ണ​ഗു​രു, ടി​പ്പു സു​ല്‍​ത്താ​ന്‍ എ​ന്നീ ജീ​വ​ച​രി​ത്ര​കൃ​തി​ക​ളും മ​റ്റ​നേ​കം ലേ​ഖ​ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ല്‍​നി​ന്നു വാ​യ​ന​ക്കാ​ര്‍​ക്ക് ല​ഭി​ച്ചു. കേ​ര​ള​കൗ​മു​ദി, കേ​ര​ള​ഭൂ​ഷ​ണം എ​ന്നീ പ​ത്ര​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്തു. മാ​ധ്യ​മം പ​ത്ര​ത്തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​റാ​യും പ്ര​വ​ര്‍​ത്തി​ച്ചു.

പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍റെ കൃ​തി​ക​ള്‍ പ​ല​തും വാ​യ​ന​ശാ​ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ​കൃ​തി​ക​ള്‍ തൃ​ശൂ​ര്‍ ക​റ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്. ചി​ന്ത​യു​ടെ​യും സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ​യും തെ​ളി​ച്ച​മു​ള്ള ആ ​ര​ച​ന​ക​ള്‍ ജ​ന്മ​ശ​താ​ബ്ദി പി​ന്നി​ട്ടാ​ണെ​ങ്കി​ലും​വാ​യ​ന​ക്കാ​ര്‍​ക്കു ല​ഭി​ക്ക​ട്ടെ എ​ന്നാ​ശി​ക്കാം.

ച​ന്തു​മേ​നോ​ന്‍ കോ​ട​തി​യി​ല്‍ ചെ​ണ്ട​കൊ​ട്ടി​ച്ച ക​ഥ

പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍റെ ആ​ദ്യ​ത്തെ കൃ​തി​യാ​ണ് "ച​ന്തു​മേ​നോ​ന്‍ ഒ​രു പ​ഠ​നം’. ല​ക്ഷ്ണ​യു​ക്ത​മാ​യ ആ​ദ്യ​നോ​വ​ലി​ന്‍റെ ര​ച​യി​താ​വ് എ​ന്ന നി​ല​യി​ല്‍ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ല്‍ ച​ന്തു​മേ​നോ​നു​ള്ള സ്ഥാ​നം അ​നി​ഷേ​ധ്യ​മാ​ണ്. ച​ന്തു​മേ​നോ​ന്‍റെ ര​ച​നാ​സ​മ്പ്ര​ദാ​യം, സാ​ഹി​ത്യ​ത്തോ​ടു​ള്ള സ​മീ​പ​നം, വ്യ​ക്തി​പ​ര​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍, ന​ര്‍​മ​ബോ​ധം എ​ന്നി​വ​യെ​ല്ലാം അ​ന്വേ​ഷി​ച്ച​റി​ഞ്ഞാ​ണ് ബാ​ല​കൃ​ഷ്ണ​ന്‍ ത​ന്‍റെ ആ​ദ്യ കൃ​തി എ​ഴു​താ​ന്‍ ത​യാ​റാ​യ​ത്.

1956 സെ​പ്റ്റം​ബ​റി​ലാ​ണ് ഈ ​പു​സ്ത​കം എ​ഴു​തി​യ​തെ​ന്ന് മു​ഖ​വു​ര​യാ​യി ന​ല്‍​കി​യ പ്ര​സ്താ​വ​ന​യി​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​യു​ന്നു. അ​ച്ച​ടി​യി​ല്‍ 208 പേ​ജു​ള്ള പു​സ്ത​കം ര​ണ്ടാ​ഴ്ച​കൊ​ണ്ട് എ​ഴു​തി​തീ​ര്‍​ത്തു. ര​ച​ന​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ള്‍ നേ​ര​ത്തെ സ​മ്പാ​ദി​ച്ചി​രു​ന്നു. എ​ങ്കി​ലും എ​ഴു​ത്ത് എ​ത്ര വേ​ഗ​ത​യി​ലാ​ണ് ന​ട​ന്ന​തെ​ന്ന് ആ​മു​ഖ​ത്തി​ല്‍ വ്യ​ക്ത​മാ​കും. 1956ല്‍ ​എ​ഴു​തി​യെ​ങ്കി​ലും 1957 ഡി​സം​ബ​റി​ലാ​ണ് സാ​ഹി​ത്യ​പ്ര​വ​ര്‍​ത്ത​ക സ​ഹ​ക​ര​ണ സം​ഘം ഇ​ത് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ഇം​ഗ്ലീ​ഷ് പു​സ്ത​ക​ങ്ങ​ള്‍ വാ​യി​ക്കു​ക​യും അ​തി​ന്‍റെ ചു​ട​വു​പി​ടി​ച്ച് ഒ​രു കൃ​തി മ​ല​യാ​ള​ത്തി​ല്‍ എ​ഴു​താ​ന്‍ താ​ല്‍​പ​ര്യം കാ​ണി​ക്കു​ക​യും ചെ​യ്ത ച​ന്തു​മേ​നോ​ന്‍ ന​വോ​ത്ഥാ​ന​ത്തി​ന്‍റെ ആ​ദ്യ​ഹ​ര്‍​ഷം ത​ന്നെ എ​ന്നാ​ണ് പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു​വ​യ്ക്കു​ന്ന​ത്. ആ​രെ​യും വ​ക​വ​യ്ക്കാ​ത്ത പ്ര​കൃ​ത​മാ​യി​രു​ന്നു ച​ന്തു​മേ​നോ​ന്‍റേ​ത്. സ​ബ്ജ​ഡ്ജി​യാ​യ അ​ദ്ദേ​ഹം ബ്രീ​ട്ടീ​ഷു​കാ​രാ​യ മേ​ലു​ദ്യോ​ഗ​സ്ഥ​രെ പോ​ലും ത​രി​ന്പും വി​ല​വ​ച്ചി​രു​ന്നി​ല്ല. കോ​ട​തി​മു​റി​യി​ല്‍ വാ​ദ്യ​ക​ലാ​കാ​ര​നെ​ക്കൊ​ണ്ട് ചെ​ണ്ട കൊ​ട്ടി​ച്ച സം​ഭ​വം ഇ​തി​ന് തെ​ളി​വാ​ണ്.

മേ​ള​ത്തി​ന് കൊ​ട്ടു​മ്പോ​ള്‍ ത​നി​ക്ക് അ​ര്‍​ഹ​മാ​യ സ്ഥാ​നം ല​ഭി​ക്കു​ന്നി​ല്ല എ​ന്ന പ​രാ​തി​യു​മാ​യി എ​ത്തി​യ ക​ലാ​കാ​ര​നെ​ക്കൊ​ണ്ട് കോ​ട​തി മു​റി​യി​ല്‍ ചെ​ണ്ട കൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു ന്യാ​യാ​ധി​പ​നാ​യ ച​ന്തു​മേ​നോ​ന്‍. തൊ​ട്ട​ടു​ത്ത മു​റി​യി​ല്‍​നി​ന്ന് ജി​ല്ലാ ജ​ഡ്ജി ബ്രി​ട്ടീ​ഷു​കാ​ര​നാ​യ ഡേ​വി​ഡ്സ് ഇ​ത് കേ​ട്ടു. അ​ദ്ദേ​ഹം ശി​പാ​യി​വ​ശം കു​റി​പ്പ് കൊ​ടു​ത്തു​വി​ട്ടു.

എ​ന്നാ​ല്‍ അ​തൊ​ന്നും ച​ന്തു​മേ​നോ​ന്‍ സ്വീ​ക​രി​ച്ചി​ല്ല. വാ​ദം കേ​ള്‍​ക്കു​ക​യും തെ​ളി​വ് ശേ​ഖ​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ചെ​ണ്ട​കൊ​ട്ട​ല്‍ എ​ന്നാ​യി​രു​ന്നു ച​ന്തു​മേ​നോ​ന്‍റെ നി​ല​പാ​ട്. ഏ​താ​യാ​ലും ജി​ല്ലാ ജ​ഡ്ജി​ക്കും ഇ​ത് അം​ഗീ​ക​രി​ക്കേ​ണ്ടി​വ​ന്നു. ഇ​ന്ദു​ലേ​ഖ​യു​ടെ സാ​മൂ​ഹി​ക പ്ര​സ​ക്തി, ഭാ​ഷാ​പ്ര​യോ​ഗ​ങ്ങ​ള്‍, നോ​വ​ല്‍ നി​ര്‍​ധാ​ര​ണം എ​ന്നി​വ​യെ​ല്ലാം ഈ ​കൃ​തി​യി​ല്‍ ച​ര്‍​ച്ച​ചെ​യ്യു​ന്നു. ച​ന്തു​മേ​നോ​നെ സം​ബ​ന്ധി​ച്ചു​ള്ള സ​മ​ഗ്ര​പ​ഠ​ന​മാ​യി ഇ​ത് മാ​റു​ന്നു​ണ്ട്.

Latest News

Up